National
ന്യൂഡല്‍ഹി: ഇപ്പോൾ ഒരു നിയമസഭാ അല്ലെങ്കിൽ ലോക്സഭാ സീറ്റിനു വേണ്ടി പാർട്ടിയിലെ പുരുഷ നേതാക്കളുമായി ഗുസ്തി പിടിക്കേണ്ട അവസ്ഥയിലാണ് വനിതകൾ. വിദ്യാഭ്യാസത്തിലും സാക്ഷരതയിലുമൊക്കെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ പോലും ഇതാണ് സ്ഥിതി. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനം പൂർത്തിയായപ്പോഴും ഇതിൽ കാര്യമായ മാറ്റമൊന്നുമില്ല. പത്തു ശതമാനത്തിനും താഴെയാണ് പല പാർട്ടികളും വനിതകൾക്കു വേണ്ടി മാറ്റിവച്ച സീറ്റുകളുടെ എണ്ണം.
എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതായിരുന്നില്ല കാഴ്ച. വനിതകൾക്കു സംവരണം ഉള്ളതിനാൽ സീറ്റുമായി വനിതകളുടെപിറകെ നടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ നാട്ടിൽ നിരവധി വനിതാ നേതാക്കളും ഉദയംചെയ്തു. ഇനി ഇതുപോലെ നിയമസഭാ സീറ്റും ലോക്സഭാ സീറ്റുമായി വനിതകളുടെ പിറകെ നടക്കുമോയെന്നാണ് അറിയാനുള്ളത്. പാർലമെന്റിന്റെ പരിഗണനയിലുള്ള വനിതാ സംവരണ ബിൽ ആണ് ഇത്തരമൊരു പ്രതീക്ഷ ഉയർത്തിയിരിക്കുന്നത്.
സമവായശ്രമം
വനിതാ സംവരണ ബില്‍ ഭേദഗതി ചെയ്യുന്നതിനുള്ള സമവായ ശ്രമങ്ങളിലേക്കു കടന്നിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വനിതകളുടെ സീറ്റ് കൂട്ടാൻ ആകെയുള്ള സീറ്റുകളുടെ എണ്ണം വർധിപ്പിക്കുക എന്ന തന്ത്രമാണ് ബിജെപിയുടേത്. 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ലോക്സഭയുടെയും സംസ്ഥാന നിയമസഭകളുടെയും അംഗബലം വര്‍ധിപ്പിക്കുകയെന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്നത്. ലോക്സഭാ സീറ്റുകളുടെ എണ്ണം 543ല്‍ നിന്ന് 816 ആക്കുന്നതോടെ വനിതകൾക്കു മതിയായ പ്രാതിനിധ്യം ഉറപ്പാനാകുമെന്നാണ് സർക്കാർ വാദം.
2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മണ്ഡലപുനര്‍നിര്‍ണയം നടത്തുന്നതോടെ സീറ്റുകളുടെ 816 ആയി ഉയരും. ഇതില്‍ 273 എണ്ണം വനിതാസംവരണ മണ്ഡലങ്ങളാകുമെന്നും കരുതുന്നു. ഇതനുസരിച്ചു കേരളത്തില്‍ ലോക്സഭാ സീറ്റുകള്‍ മുപ്പതായും നിയമസഭാ സീറ്റുകള്‍ 210 ആയും ഉയരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ആദ്യയോഗത്തില്‍ ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എന്‍സിപി (എസ്പി) ശിവസേന (യുബിറ്റി) എഐഎംഐഎം എന്നീ കക്ഷികളാണ് പങ്കെടുത്തത്.
കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികളെ വരുംദിവസങ്ങളിൽ അമിത് ഷാ കാണും. സ്ത്രീകള്‍ക്കു 33 ശതമാനം സീറ്റുകള്‍ സംവരണം ഉറപ്പാക്കാത്തതെ ന്താണെന്നു കേന്ദ്രസര്‍ക്കാരിനോട് അടുത്തിടെ സുപ്രീംകോടതി ചോദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചർച്ചകൾ വേഗത്തിലാക്കിയത്.